ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ചെെന പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസിനെ തടയാൻ എല്ലാ മുൻകരുതലും പ്രതിരോധവും എടുത്തുവെന്ന് പറയുമ്പോഴും അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചെെന പുറത്തുവിടാൻ മടിക്കുന്നു. ഇപ്പോഴിതാ കൊറോണ ബാധിച്ച് മരണണപ്പെട്ടവരുടെ എണ്ണത്തിൽ പുറത്തുവിട്ട കണക്കുകളിലും തിരുത്തൽ വരുത്തിയിരിക്കുകയാണ് ചെെന. ചെെനീസ് ബഹുരാഷ്ട്ര കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്ങ്സ് ലിമിറ്റഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊറോണ വൈറസ് ബാധിച്ച് ചുരുങ്ങിയത് 24,589 പേരെങ്കിലും മരിച്ചുവെന്നാണ് ചൈനീസ് ടെക് കമ്പനി വെളിപ്പെടുത്തിയത്. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരണം 500 ൽ കുറവാണ്. തായ്‌വാൻ ന്യൂസ് റിപ്പോർട്ടനുസരിച്ച്, ടെൻസെന്റിന് അണുബാധകളുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം എത്രയാണെന്ന് അറിയാമെന്നും ഇതാണ് പുറത്തുവിട്ടതെന്നും പറയുന്നു. എന്നാൽ, കൊറോണ വൈറസ് മരണത്തെക്കുറിച്ചുള്ള ടെൻസെന്റ് ‘യഥാർഥ’ ഡേറ്റയാണ് പ്രസിദ്ധീകരിച്ചതെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച.
എന്നാൽ, സംഭവം വൻ ചർച്ചയായതോടെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ തന്നെ പുതുക്കി നൽകി നമ്പറുകൾ ടെൻസെന്റ് അപ്‌ഡേറ്റുചെയ്‌തു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടെൻസെന്റ് ഉയർന്ന സംഖ്യകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നെറ്റിസൺമാർ പറയുന്നത്. ടെൻസെന്റിന്റെ ഔദ്യോഗിക വെബ്‌പേജിൽ ‘എപ്പിഡെമിക് സിറ്റ്വേഷൻ ട്രാക്കർ’ എന്ന പേരിൽ ചൈനയിൽ കൊറോണവൈറസ് (2019-nCoV) 154,023 ആണെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരി 1 ന് ചൈനീസ് സര്‍ക്കാർ ലോകത്തിന് നൽകിയ ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയിലധികമാണിത്.രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്ന കേസുകളുടെ എണ്ണം 79,808 ആണെന്നും പട്ടികയിലുണ്ട്. ഇതും ഔദ്യോഗിക കണക്കുകളുടെ നാലിരട്ടിയാണ്. ചികിത്സിച്ച ഭേദമാക്കിയ കേസുകളുടെ എണ്ണം 269 മാത്രമാണെന്ന് ടെൻസെന്റ് രേഖകൾ പറയുന്നു. എന്നാൽ 300ൽ കൂടുതൽ എന്നാണ് ഔദ്യോഗിക കണക്ക്. ടെൻസെന്റ് റിപ്പോർട്ടിൽ മരണമടഞ്ഞവരുടെ എണ്ണം 24,589 ആണ്.
ടെൻസെന്റ് വെബ്സൈറ്റിലെ കോഡിങ് പ്രശ്നം കാരണമാകാം ഇത് സംഭവിച്ചതെന്ന് വാദിക്കുന്നവരുണ്ട്. ചൈനയിലും വിദേശരാജ്യങ്ങളിലും ഇന്റർനെറ്റ് സംബന്ധമായ ഉൽപ്പന്നങ്ങളും സേവനങ്ങളും, വിഡിയോ ഗെയിമുകൾ, വിനോദസേവനങ്ങൾ, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെൻസെന്റ്. ഈ റിപ്പോർട്ടുകളെക്കുറിച്ച് ടെൻസെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം, എവിടെ നിന്നാണ് കൊറോണ ബാധയുടെ ഉത്ഭവം എന്നകാര്യംപോലും ഇതുവരെ ചൈനവിട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോൾ വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രം. അത് നിഷേധിക്കാനോ, സമ്മതിക്കാനോ ചൈന തയാറായിട്ടുമില്ല. കൊറോണ വൈറസ് ലാബിൽ നിന്ന് പുറത്തുചാടിയ ജൈവായുധമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അതിനിടെയുണ്ടായി. എന്നിട്ടും പക്ഷേ, അതിനൊന്നും ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്ത് വൈറസ് ബാധ നിയന്ത്രണ വിധേയമെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. പക്ഷേ, എങ്ങനെയാണ് രോഗ ബാധ നിയന്ത്രണവിധേയമാക്കിയതെന്ന വിവരം ലഭ്യമല്ല.