ഡൽഹി : കോൺഗ്രസും ബിജെപിയും ഒരു പോലെ പ്രതീക്ഷിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.ഏറെ പ്രതീക്ഷയോടെയാണ് ബിജെപിയും കോൺഗ്രസും ഈ തെരഞ്ഞെടുപ്പ് നോക്കിക്കാണുന്നത്. ജയിക്കുന്ന എംഎൽഎമാരെ സംരക്ഷിക്കാനുളള നീക്കം ഇതിനോടകം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ഫലസൂചനകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ലീഡ് നിലമാറിമറിയുകയാണ്. ഒരു ഘട്ടത്തിൽ കോൺഗ്രസ് മുന്നിൽ പോയി. എന്നാൽ മിനിറ്റുകൾക്ക് അകം ബിജെപി തിരിച്ചെത്തി. ഛത്തീസ്ഘഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് മുന്നിലാണ്. രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്.