ദുബായ്: കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യു.എ.ഇ പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഇതുപ്രകാരം ഇന്ന് ഉച്ചമുതൽ താമസ വിസ ഉള്ളവർക്ക് ഉൾപ്പെടെ രണ്ടാഴ്ചത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് മാറ്റുന്നതിനെക്കുറിച്ച് തീരുമാനിക്കുക.
സാധുതയുള്ള എല്ലാ വിസകൾക്കും വിലക്ക് ബാധകമായിരിക്കും.അവധിക്ക് നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ അതത് രാജ്യത്തെ യു.എ.ഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാം.വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്ത് പോയവർക്ക് അവരുടെ തൊഴിലുടമകളെയോ ഇപ്പോഴുള്ള രാജ്യത്തെ യു.എ.ഇ നയതന്ത്ര കാര്യാലയവുമായോ ബന്ധപ്പെടാമെന്ന് അധികൃതർ നിർദേശം നൽകി. വാണിജ്യ വിസ, സന്ദർശക വിസ എന്നീ വിഭാഗത്തിലുള്ളവർക്ക് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു.