കിളിമാനൂർ: ഓടകളിൽ കൂടി ഒഴുകേണ്ട ജലം റോഡിലൂടെ ഒഴുകുന്നു. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ റോഡ് ഏതാ ഓട ഏതാ എന്നറിയാൻ പറ്റാത്ത അവസ്ഥയിലായി യാത്രക്കാർ. കിളിമാനൂരിൽ സംസ്ഥാന പാതയും ദേശീയ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ കിളിമാനൂർ മുതൽ പുതിയകാവ് വരെയുള്ള റോഡിന്റെ അവസ്ഥയാണ് ഇത്. മഴക്കാല പൂർവ ശുചികരണവും, ഓട വൃത്തിയാക്കലും ഒക്കെ പതിവ് പോലെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയപ്പോൾ ഓടകളിൽ മാലിന്യം നിറയുകയും ഓടകളിൽ കൂടി ഒഴുകേണ്ട ജലം റോഡേ ഒഴുകാനും തുടങ്ങി. ഒരു വശത്ത് മാത്രം ഓടയുള്ള ഈ റോഡിൽ മഴക്കാലമായാൽ വള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഓടകളിലെ മാലിന്യവും മലിനജലവും റോഡിൽ മുട്ടോളം വെള്ളത്തിൽ ഒഴുകുമ്പോൾ പകർച്ചവ്യാധികൾ വന്നില്ലെങ്കിലേ അദ്ഭുതമുള്ളു. പൈപ്പ് ലൈനുകളും, മറ്റു കേബിളുകളും ഓടയ്ക്ക് കുറുകെ കടന്നു പോകുന്നതിനാൽ ഒഴുകി വരുന്ന മാലിന്യങ്ങൾ ഇതിൽ തടഞ്ഞിരുന്നു ഓടകൾ അടയുന്നതും പതിവാണ്. ഓടകൾക്ക് മുകളിൽ വലിയ വാഹനങ്ങൾ കയറ്റി സ്ലാബുകൾ പൊട്ടുകയും ഈ വിടവിൽ കൂടി വ്യാപാരികൾ ഉൾപ്പെടെയുള്ളവർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവ് കാഴ്ചയാണ്. സംസ്ഥാന പാതകൾക്കരികിലെ ഓടകൾ വൃത്തിയാക്കി നടപ്പാത നിർമ്മിച്ചത് പോലെ ഇടറോഡുകളിലും ഇത് നടപ്പിലാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.