വർക്കല: കൊറോണ വൈറസിനെതിരെ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തി വർക്കല നഗരസഭയും ആരോഗ്യ വിഭാഗവും. ഇന്നലെ രാവിലെ മന്ത്റി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇറ്റലിക്കാരനുമായി 103 പേർ സമ്പർക്കം പുലർത്തിയെന്ന് മന്ത്റി പറഞ്ഞു. ഇടപഴകിയ 30 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇവർ നിരീക്ഷണത്തിലാണ്. ഫലം ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. വിദേശി ഭക്ഷണം കഴിച്ച ഹോട്ടലും ഡി.ജെ ക്ലബും ഒരു കാശ്‌മീരി സ്ഥാപനവും അടച്ചുപൂട്ടി. വിദേശിയെ കാറിൽ വർക്കലയിലെത്തിച്ച ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇറ്റലിക്കാരൻ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി നാട്ടിലേക്ക് മടങ്ങിയതോടെ ഇയാളുടെ വിവരങ്ങൾ ശേഖരിക്കാനും പരിശോധന നടത്താനും സംസ്ഥാന സർക്കാർ ബംഗാൾ ഗവൺമെന്റിനെ സമീപിച്ചു. പുറത്തിറക്കിയ റൂട്ട്മാപ്പിൽ തെറ്റായ വിവരങ്ങളുണ്ടെങ്കിൽ പുനഃപരിശോധിക്കും. പുതിയ വിവരങ്ങൾ നൽകാനുണ്ടെങ്കിൽ ജില്ലാ കളക്ടറെയോ ആരോഗ്യ വിഭാഗത്തെയോ പൊലീസിനെയോ അറിയിക്കാം. വീടുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ശുചീകരണം ഊർജ്ജിതപ്പെടുത്തും. എസ്.ആർ ആശുപത്രി പൂർണ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വി. ജോയി എം.എൽ.എ, ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, ചിറയിൻകീഴ് വർക്കല തഹസീൽദാർമാരായ വിനോദ് രാജ്, മനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ, ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബി, വർക്കല സി.ഐ ജി. ഗോപകുമാർ, നഗരസഭ സെക്രട്ടറി എൽ.എസ്. സജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു