ഇ-നിയമസഭയിലൂടെ നിയമസഭാനടപടികൾ സമ്പൂർണമായി
കമ്പ്യൂട്ടർവത്കരണത്തിലേക്ക്
*എം.എൽ.എമാർക്ക് പദ്ധതി പരിചയപ്പെടുത്തി
കടലാസ്‌രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നിയമസഭാ നടപടിക്രമങ്ങൾ സമ്പൂർണമായി നടപ്പാക്കുന്ന ‘ഇ-നിയമസഭ’ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പ്രവർത്തനം നിയമസഭാ സാമാജികർക്ക് പരിചയപ്പെടുത്തി. പദ്ധതി പരിചയപ്പെടുത്തൽ പരിപാടിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
ഈ വരുന്ന സഭാ സമ്മേളനം മുതൽ ഇ-നിയമസഭാ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള, അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ എന്നിവ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും. അഞ്ച് ഘട്ടമായാകും പദ്ധതി നടപ്പാക്കുക. നിയമസഭാ നടപടികൾ ടാബിലൂടെ സീറ്റിലിരുന്ന് തന്നെ അംഗങ്ങൾക്ക് അറിയാനും സ്പീക്കർ ഉൾപ്പെടെയുള്ളവരുമായി ഇടപെടാനും സാധിക്കും. ഇ-നിയമസഭയുടെ വരുംഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും ആശയവിനിമയത്തിന് സൗകര്യമുണ്ടാകും.
പദ്ധതി സംബന്ധിച്ച് യു.എൽ.സി.സി.എസ് ഗ്രൂപ്പ് സി.ഇ.ഒ രവീന്ദ്രൻ കസ്തൂരി വിശദീകരിച്ചു. എം.എൽ.എമാരുടെ സംശയങ്ങളും നിർദേശങ്ങളും ചർച്ച ചെയ്തു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, എം.എൽ.എമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.