തിരുവനന്തപുരം: നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യയിലെ ബഹിരാകാശ വ്യവസായത്തില്‍ സ്വകാര്യനിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളും അനന്തസാധ്യതകളുമുണ്ടെന്ന് വിഎസ്എസ്സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവുമായ എം.സി ദത്തന്‍ പ്രസ്താവിച്ചു.
ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെയുണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും പുതിയ ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍ ‘നവ ബഹിരാകാശം – അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിയായ ‘എഡ്ജ് 2020’ -ന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്പെയ്സ് പാര്‍ക്കിന്‍റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.
സാങ്കേതികവിദ്യ, നിക്ഷേപം, സംരംഭകത്വം എന്നിവയിലൂന്നിയ മികച്ച അവസരങ്ങളാണ് ഈ മേഖലയിലുള്ളതെന്ന് ശ്രീ ദത്തന്‍ പറഞ്ഞു. ഇത് പ്രയോജനപ്പെടുത്താന്‍ കടന്നുവരുന്ന സ്വകാര്യസംരംഭകര്‍ക്ക് അനുകൂലമായ നയപരമായ നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ സംസ്ഥാനത്തിന്‍റെ സാധ്യത കണക്കിലെടുത്ത് ആരംഭിക്കുന്ന സ്പെയ്സ് പാര്‍ക്ക് ബിസിനസ്, നിക്ഷേപം, സംരംഭകത്വം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക, ബിസിനസ്, വിപണന മാര്‍ഗനിര്‍ദേശക ശ്യംഖലയും സ്പെയ്സ് പാര്‍ക്കിലുണ്ടാകും. സാങ്കേതിക സഹായങ്ങള്‍ക്കായി സംസ്ഥാനം ഇതിനോടകം തന്നെ ഐഎസ്ആര്‍ഒയുമായി ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. സ്പെയ്സ് പാര്‍ക്കിലൂടെ ദേശീയ-രാജ്യാന്തര പങ്കാളിത്തത്തിനും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണി കണ്ടെത്തുന്നതിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ബഹിരാകാശയുഗമായ ‘സ്പെയ്സ് 2.0’ എല്ലാ തലത്തിലും മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇതിലേക്കുള്ള സംസ്ഥാനത്തിന്‍റെ മികച്ച ചുവടുവയ്പ്പാണ് സ്പെയ്സ് പാര്‍ക്കെന്നും സംസ്ഥാന ഐടി, ഇലക്ട്രോണിക്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ ശാസ്ത്ര-സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ പകുതിയും നടക്കുന്നത് തിരുവനന്തപുരത്താണ്. കൂടാതെ രാജ്യത്തെ ഏക ബഹിരാകാശ സര്‍വ്വകലാശാലയുടെ സാന്നിധ്യവും ഇവിടെയുണ്ട്. സ്പെയ്സ് പാര്‍ക്കിലൂടെ രാജ്യത്തിന്‍റെ ബഹിരാകാശനഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയ്ക്കുള്ള സുപ്രധാന കേന്ദ്രമായാണ് പള്ളിപ്പുറത്തെ നോളജ് സിറ്റിയില്‍ അത്യാധുനിക സ്പെയ്സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുക. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയില്‍ ഐഎസ്ആര്‍ഒ, എയര്‍ബസ്, സിഎന്‍ഇഎസ്, എല്‍എഎസ്പി, സ്പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് ഉച്ചകോടി വേദിയായി.