സിഡ്നി: ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കീരിടത്തിൽ അമേരിക്കൻ യുവതാരം സോഫിയ കെനിൻ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലിൽ സ്പാനിഷ് താരം ഗാർബിൻ മുഗുരുസെയ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കെനിൻ തന്റെ കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഇരുപത്തൊന്നുകാരിയായ കെനിൻ.
ഗ്രൗണ്ട് സ്ട്രോക്കുകളുടെ ആധിപത്യത്തോടെ മുഗുരസ ആദ്യസെറ്റ് നേടിയെങ്കിലും തുടർന്ന് ഒരു ഡബിൾ ഫോൾട്ടുപോലും വരുത്താതെ, നാല് ബ്രേക്ക് പോയിന്റും സ്വന്തമാക്കി കെനിന്റെ തകർപ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. കെനിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്.
ഫൈനലിൽ തോറ്രെങ്കിലും 2016ലെ ഫ്രഞ്ച് ഓപ്പണും 2017ലെ വിംബിൾഡണും നേടിയിട്ടുള്ള മുഗുരുസ പരിക്കിനെ തുടർന്ന് കോർട്ടിൽ നിന്ന് മാറി നിന്നശേഷം നടത്തിയ ഗംഭീര തിരിച്ചു വരവ് കൂടിയായി ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പൺ.