കൊച്ചി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ വമ്പൻ തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്തായി. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്രേഴ്സ് ചെന്നൈയിനോട് തോറ്രത്. റാഫേൽ ക്രിവെല്ലാരോ, നെരിയൂസ് വാൽസ്‌കിസ്, ലാലിയൻസുവാല ചാംഗ്തെ എന്നിവരുടെ ഇരട്ടഗോളുകളാണ് ചെന്നൈയിന് ഗംഭീര ജയമൊരുക്കിയത്.
ക്യാപ്ടൻ ബർത്തലോമായി ഒഗുബച്ചെയുടെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ആശ്വസിക്കാനുള്ള ഒരേ ഒരു ഘടകം.
തുടർച്ചയായ നാലാം ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്ന ചെന്നൈയിൻ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. മറുവശത്ത് തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 15 കളികളിൽ നിന്ന് 14 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ബാൾ പൊസഷനിൽ ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നിലെങ്കിലും 39-ാം മിനിട്ടിൽ ബ്ലാസ്റ്രേഴ്സ് ഗോളി രഹനേഷിന്റെ പിഴവ് മുതലാക്കി റാഫേൽ ക്രിവല്ലറോ ചെന്നൈയിന് ആദ്യ ഗോൾ സമ്മാനിക്കുകയായിരുന്നു. ചെന്നൈയിന്റെ ആദ്യ മൂന്ന് ഗോളുകൾ ആറ് മിനിട്ടിനിടെയാണ് വീണത്. രണ്ടാം പകുതിയിലാണ് ഒഗുബച്ചെ മൂന്ന് ഗോളുകളും നേടിയത്.