ബിഗ് ബോസ് വീട്ടിലെ ആറാമത്തെ ആഴ്ചയ്ക്കാണ് തുടക്കം കുറിച്ചത്. വീട്ടിലെ വിശേഷങ്ങളായിരുന്നു തുടക്കം. മോഹന്‍ലാല്‍ വന്നുപോയതില്‍ പിന്നെയുള്ള കാര്യങ്ങളാണ് കാണിച്ചത്. പ്രേക്ഷകര്‍ പറഞ്ഞ അഭിപ്രായങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. മോഹന്‍ലാലിന്റെ മുന്നില്‍ മഞ്ജുവിനെതിരെ സംസാരിച്ച ദയയുടെ വിഷയമാണ് പാഷാണം ഷാജിയും സംഘവും വിശകലനം ചെയ്യുന്നത്. ദയയെ മോശമായി ചിത്രീകരിച്ചതിന് രജിത്തിനോട് തര്‍ക്കിച്ച വ്യക്തിയാണ് മഞ്ജുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ദയയുടെ തിരിച്ചുള്ള പെരുമാറ്റം ഇവരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.മോഹന്‍ലാല്‍ എത്തിയതിന് ശേഷം ആദ്യം തന്നെ ഒരു ടാസ്‌ക് ആണ് അവതരിപ്പിച്ചത്. പഴവും പഴത്തൊലിയും കൊണ്ടുള്ളതായിരുന്നു ടാസ്‌ക്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ പ്രതിയോഗിയായി തോന്നുന്ന വ്യക്തിക്ക് പഴം നല്‍കണമെന്നും നിസാരനെന്നു കണ്ട് ഗെയിമില്‍ പുല്ലുവില കല്‍പിക്കുന്ന വ്യക്തിക്ക് പഴത്തൊലി നല്‍കണമെന്നതുമാണ് ഈ ടാസ്‌ക്. ഇതില്‍ ഏറ്റവുമധികം പേര്‍ പ്രതിയോഗിയായി കണ്ടത് ഫുക്രുവിനെയാണ്. ഏറ്റവുമധികം ആളുകള്‍ നിസാരമെന്ന് വിളിച്ചിരുന്നത് ദയയെയുമാണ്.
ബിഗ് ബോസിന്റ വക ഒരു സര്‍പ്രൈസിനുള്ള സമയമായിരുന്നു പിന്നെ. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ വിഷമം മത്സരാര്‍ത്ഥികളെ അലട്ടുന്നുണ്ടെന്ന തിരിച്ചറിവാണ് ഈ സര്‍പ്രൈസിന് പിന്നില്‍. മത്സരാര്‍ത്ഥികളുടെ പ്രിയപ്പെട്ടവരുടെ ശബ്ദരേഖ കേള്‍പ്പിച്ചുകൊണ്ടാണ് ചിലര്‍ക്ക് ബിഗ് ബോസ് സര്‍പ്രൈസൊരുക്കിയത്. എലീനയെയാണ് ആദ്യം ഞെട്ടിച്ചത്. അമ്മയുടെ ശബ്ദം കേട്ട എലീന അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പിന്നാലെ ഫുക്രുവിനും ഷാജിക്കും പ്രദീപിനുമെല്ലാം സര്‍പ്രൈസായി വീട്ടുകാരുടെ ശബ്ദമെത്തി. വീണയ്ക്കും മഞ്ജുവിനും സര്‍പ്രൈസായി എത്തിയത് മക്കളുടെ ശബ്ദമായിരുന്നു. മക്കളെ ഒരുപാട് മിസ് ചെയ്യുന്നെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ഇവര്‍ക്ക് ഏറെ കൊതിച്ചിരുന്ന ആ ശബ്ദം കേട്ടപ്പോള്‍ കണ്ണീരടക്കാനായില്ല.
എല്ലാവരും കാത്തിരുന്ന എലിമിനേഷനുള്ള സമയമായിരുന്നു പിന്നെ. ദയ പുറത്താകുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ ബാക്കി നാല് പേരാണ് പ്രേക്ഷകവിധി കാത്തിരുന്നത്. വീണ, പ്രദീപ്, ജസ്ല, രേഷ്മ എന്നിവരാണ് അവര്‍. ഇതില്‍ ആരാണ് പുറത്തേക്ക് എന്ന ചോദ്യത്തിന് പലരും കരുതിയിരുന്ന പേര് ജസ്ലയുടേതായിരുന്നു. എന്നാല്‍ വീണ്ടും മത്സരാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ദയയ്ക്ക് പിന്നാലെ സേഫ് ആയിരിക്കുന്നത് ജസ്ലയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെ എലിമിനേഷന്‍ കടമ്പയ്ക്ക് മുന്നില്‍ മൂന്ന് പേരുകളായി. പ്രദീപും അകത്ത് കടന്നതോടെ രേഷ്മ- വീണ എന്നിവരില്‍ ഒരാള്‍ എന്ന് വീട്ടിലെ എല്ലാവരും പേടിച്ചുതുടങ്ങി. പക്ഷെ എല്ലാവരുടെയും മുഖത്ത് ചിരിവിടര്‍ത്തി എലിമിനേഷൻ ഇല്ലാ എന്നു പറഞ്ഞു എപ്പിസോഡ് ലാലേട്ടൻ അവസാനിപ്പിച്ചു.