ഈ സർക്കാരിന്റെ ബജറ്റിൽ 3 കോടി രൂപ കൊട്ടാരം നവീകരണത്തിനും സംരക്ഷണത്തിനുമായി വകയിരുത്തിയിരിക്കുന്നു.എന്നാൽ അനുവദിച്ച തുകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ പുകയുന്നു. എന്താണ് സത്യാവസ്ഥ എന്നറിയാൻ പ്രമുഖ യുവജന സംഘടനാ നേതാക്കളുടെ പ്രതികരണങ്ങളിലേക്ക് varthatrivandrum.com കടന്നുചെല്ലുന്നു .
നിരവധി ചരിത്ര സംഭവങ്ങള്‍ക്കും മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആറ്റിങ്ങല്‍ കൊട്ടാരം ഏഴ് നൂറ്റാണ്ടിന്റെ ചരിത്രം പേറുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഇന്ത്യയിലെ ആദ്യ രക്ത രൂക്ഷിത കലാപത്തിനും പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള നിരവധി ഉടമ്പടികള്‍ക്കും സാക്ഷ്യം വഹിച്ച കൊട്ടാരമാണ് കോയിക്കല്‍. 1307ലാണ് ആറ്റില്‍ കൊല്ലമ്പുഴയില്‍ വാമനപുരം നദിയുടെ തീരത്തായി കൊട്ടാരം സ്ഥാപിക്കപ്പെട്ടത്.
ആറ്റിങ്ങല്‍ റാണിമാരാണ് ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തില്‍ താമസിച്ചിരുന്നത്. ഇവരുടെ ചെലവിനായി തിരുവിതാംകൂര്‍ രാജാക്കന്മാർ 15000 ഏക്കര്‍ വിസ്താരമുള്ള ഭൂപ്രദേശം വിട്ട് കൊടുത്തു. അങ്ങനെയാണ് ആറ്റിങ്ങല്‍ ദേശവഴി ആരംഭിക്കുന്നത്. ആറ്റിങ്ങല്‍ ദേശവഴിയിലെ റാണിമാരെല്ലാം ഭരണം നടത്തിയത് ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം കേന്ദ്രീകരിച്ചായിരുന്നു. ഈ നാട്ടുരാജ്യം കുരുമുളകിനാല്‍ പ്രശസ്തമായിരുന്നു. ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ കേരളാ തീരത്തെത്തിയത് മുതല്‍ ആറ്റിങ്ങലുമായി ബന്ധപ്പെട്ടിരുന്നു . ഹാമില്‍ട്ടണ്‍ എഴുതിയ ഡിസ്‌ക്രിപ്ഷന്‍ ഓഫ് ഹിന്ദുസ്ഥാന്‍ എന്ന പുസ്തകത്തില്‍ ഇതിനെ ക്കുറിച്ച് വിവരച്ചിട്ടുണ്ട്.
വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കോട്ട കെട്ടുവാന്‍ 1684ല്‍ അഞ്ചുതെങ്ങില്‍ ഭൂപ്രദേശം സ്വന്തമാക്കിയത്. അതിന് മുമ്പും ശേഷവും വിദേശ രാജ്യങ്ങളുമായി നിരവധി നിര്‍ണ്ണായക ഉടമ്പടികള്‍ രൂപപ്പെട്ടതിന് ആറ്റിങ്ങല്‍ കൊട്ടാരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വരുകയായിരുന്ന ഗീഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള 140 ഇംഗ്ലീഷ് കാരെ 1721ല്‍ തദ്ദേശവാസികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കൊട്ടാരത്തിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും വസ്തുക്കളും രാജകുടുംബം സ്വാതന്ത്ര്യാന്തരം വിറ്റ് മാറിയിരുന്നു. കുറെ കെട്ടിടങ്ങളും വസ്തുക്കളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഈ കെട്ടിടങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര കലാപീഠം പ്രവര്‍ത്തിക്കുന്നുണ്ട്. രാജകുടുംബം വിറ്റ് മാറിയ കെട്ടിടസമുച്ചയങ്ങളില്‍ വര്‍ണ്ണാഭമായ ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. നിലവിലുള്ള കെട്ടിടങ്ങളും കാലപഴക്കം കൊണ്ട് തകര്‍ച്ചാ ഭീഷണിയിലാണ്. ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ റോഡില്‍ കൊല്ലമ്പുഴയ്ക്ക് സമീപത്താണ് കൊട്ടാരം.