ഗവർണറെ തിരിച്ചുവിളിക്കണമെന്ന ചെന്നിത്തലയുടെ നോട്ടീസ് തള്ളി

0
282

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസിന് അനുമതിയില്ല. വെള്ളിയാഴ്ച രാവിലെചേർന്ന കാര്യോപദേശക സമിതിയോഗമാണ്‌നോട്ടീസിന് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയോ പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട്‌ യോജിച്ചില്ല. പ്രമേയത്തിന്റെ ഉള്ളടക്കം സർക്കാർ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. ചട്ടപ്രകാരമല്ല പ്രതിപക്ഷനേതാവ്‌ നോട്ടീസ് നൽകിയത്. ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു.

എന്നാൽ പ്രതിപക്ഷം യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ചു. കാര്യോപദേശക സമിതിയിൽ വിയോജിപ്പ്‌ രേഖപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോർട്ട് സഭയിൽ വയ്ക്കുമ്പോൾ കാര്യോപദേശക സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടേക്കും. തിങ്കളാഴ്ച സഭയിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തലയ്ക്ക് സഭയിൽ ഇക്കാര്യത്തിൽ സംസാരിക്കാനും നിലപാട് വ്യക്തമാക്കാനും കഴിയും.