പണ്ട് ബ്രീട്ടീഷ് ഭരണകാലത്ത് നാട്ടുരാജാക്കന്മാർക്ക് മുകളിൽ നിയമിച്ചിരുന്നത് പോലെ ഇപ്പോൾ സംസ്ഥാന സർക്കാരുകളുടെ മേൽ റസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്തെ ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഘാന്റെ വിമർശനത്തിന് സി.പി.എം ജില്ലാകമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ ഉദ്ഘാടന പ്രസംഗത്തിൽ മറുപടി പറയുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കാൻ പാടുണ്ടോയെന്ന് ചിലർ ചോദിക്കുന്നു. ഭരണഘടന ഒരാവർത്തി വായിച്ചാൽ അക്കാര്യം അവർക്ക് മനസിലാവും. പഴയ കാലമല്ല. ഇതു ജനാധിപത്യ രാജ്യമാണെന്നത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ പറ്റണം. കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞപ്പോൾ പ്രതികരിച്ചവർ ഭരണഘടന എന്താണെന്ന് മനസിലാക്കണം. ഏതു നിയമവും ഭരണഘടനയ്ക്ക് അനുസൃതമായേ നടപ്പാക്കാനാവൂ. ആർ.എസ്.എസിന്റെ മനസിലിരിപ്പ് നടപ്പാക്കാനുള്ളതല്ല കേരളം. ഭരണഘടനാ വിരുദ്ധമായതൊന്നും കേരളത്തിൽ അനുവദിക്കില്ല