ശാർക്കര: ശാർക്കര ദേവി ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരത്തോടെ കാളിയൂട്ട് ചടങ്ങിന് തുടക്കം കുറിക്കും. നിലത്തിൽപ്പോരിലൂടെ ദേവി ദാരികനെ നിഗ്രഹിച്ച് ഭക്തരെ കാക്കുന്ന ഐതീഹ്യമാണ് കാളിയൂട്ട്. ദേവി ക്ഷേത്രത്തിന് പുറകുവശത്തെ ചുട്ടികുത്ത് പുരയിൽ നിന്ന് ദംഷ് ട്രയും ചിലമ്പുമണിഞ്ഞ് ക്ഷേത്രത്തിൽ എത്തുന്നതോടെ കാളിയൂട്ടിന് തുടക്കമാകും.കാളിയൂട്ട് നടത്താനുള്ള അവകാശം രാജാവ് നൽകിയത് ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. തലമുറകളായി ഇവർ ഇതു ചെയ്തു വരുന്നു.
വൈകീട്ട് അഞ്ചുമണിയോടെയാണ് കാളി-ദാരികൻ പോരാട്ടം. ശാർക്കര പറമ്പിന്റെ വടക്ക് 42 കോൽ പൊക്കത്തിൽ തെങ്ങിൻതടിയിൽ തീർത്തതാണ് ഭദ്രക്രാളി പറണ്. തെക്ക് 27 കോൽ പൊക്കത്തിൽ കമുകിൻതടിയിൽ തീർത്തതാണ് ദാരിക പറണ്. യുദ്ധത്തിനിടയിൽ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെട്ടു വീഴും. മോഹാലസ്യം തീർക്കാൻ വീണ്ടും പറണേറുന്ന ദേവി അല്പനേരം വിശ്രമിച്ചശേഷം അമ്പലനടയിൽ(കൈലാസം) എത്തി ശിവഭഗവാനിൽ നിന്ന് അനുഗ്രഹം വാങ്ങി തീർഥവും പ്രസാദവും സ്വീകരിച്ച് ശക്തി സംഭരിച്ച് അന്തിമ പോരാട്ടത്തിന് പോർക്കളത്തിലേക്കു പായും. തുടർന്ന് ദാരികവധം കുലവാഴ വെട്ടി പ്രതീകാത്മകമായി അവതരിപ്പിച്ചശേഷം ദേവി മുടിത്താളമാടുന്നു.
ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമാണ് മുടിത്താളം. തുടർന്ന് ദാരികന്റെ ശിരസ്സ്(മുടി) കൊണ്ടുവന്ന് ഭദ്രകാളിയുടെ മുടിയിൽ ഉഴിയും. മുടിയുഴിച്ചിൽ ദിവസം കലശത്തിൽ കെട്ടിവെച്ചിരിക്കുന്ന വിത്തെടുത്ത് മുടിയിൽ വിതറിയശേഷം മേൽശാന്തിയുടെയും സ്ഥാനികളുടെയും സാന്നിധ്യത്തിൽ മുടിയിറക്കുന്നതോടെ ഈ വർഷത്തെ കാളിയൂട്ടിന് സമാപനമാകും