തിരുവനന്തപുരം: നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് മതേതരത്വമുള്‍പ്പടെയുള്ള അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ താക്കീത് നല്‍കി യു.ഡി.എഫിന്റെ മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന ലക്ഷക്കണക്കിന് രാജ്യസ്‌നേഹികള്‍ക്ക് മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല നന്ദി പ്രകടിപ്പിച്ചു.
മനുഷ്യഭൂപട പരിപാടി ഉദ്ദേശിച്ചതിനെക്കാള്‍ വന്‍വിജയമായി മാറിയത് രാഷ്ട്രീയ പരിഗണന മറന്ന് രാജ്യസ്‌നേഹം മുന്‍നിര്‍ത്തി ജീവിത്തതിന്റെ നാനാതുറകളിലുള്ള വന്‍ജനാവലി പരിപാടിയില്‍ പങ്കെടുത്തതാണ്. ഈ ബഹുജന പങ്കാളിത്തം പ്രക്ഷോഭം കൂടുതല്‍ ശക്തിയായി മുന്നോട്ട് കൊണ്ടു പോകുന്നതിന് ഊര്‍ജം നല്‍കുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, മറ്റു കക്ഷികളിലെ പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും, സാധാരണക്കാരും, തൊഴിലാളികളും, ചിന്തകരും, വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുള്ളവരും മനുഷ്യഭൂപടത്തില്‍ അണിചേരാന്‍ ഒഴുകി എത്തി. രാഷ്ട്രത്തെ വിഘടിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സന്ദേശമാണ് കേരളത്തിലെ മനുഷ്യഭൂപടം രാജ്യത്തിന് നല്‍കിയത്. ഇതില്‍ പങ്കെടുത്ത ഒരോരുത്തരെയും രമേശ് ചെന്നിത്തല സന്ദേശത്തില്‍ അഭിവാദ്യം ചെയ്തു.