കിളിമാനൂർ: തിരക്കേറിയ കിളിമാനൂർ ജംഗ്ഷനിലെ വഴിവിളക്കുകൾ മിഴിയടച്ചതോടെ നഗരം ഇരുട്ടിലാണ്ടു. ആകെ ആശ്വാസം വഴിവക്കിലെ കടകളിലെ വിളക്കുകളാണ് അവ 9മണിയോടെ അണയും, പിന്നെ എങ്ങും കുറ്റാകുറ്റിരുട്ടാണ്. യാത്രക്കാർ സന്ധിക്കുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ പ്രവർത്തിക്കുന്ന ഇവിടെ രാത്രി വഴിവിളക്കില്ലാത്തത് രാത്രിയെത്തുന്ന യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.സംസ്ഥാന പാതയും, ദേശീയ പാതയുമായി ബന്ധിക്കുന്ന ആലംകോട് റോഡ് സന്ധിക്കുന്ന കിളിമാനൂർ ജംഗ്ഷനിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെ വന്നതോടെ രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാമൂഹിക വിരുദ്ധരുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. ഇട റോഡുകളിൽ തെരുവ് വിളക്കുകൾ അണഞ്ഞതോടെ മാലിന്യ നിക്ഷേപവും രൂക്ഷമാണ്.
കൂടാതെ സാമൂഹിക വിരുദ്ധരുടെ ശല്യം നേരിടേണ്ടി വരുന്നതായി ആക്ഷേപമുണ്ട്. കൊടും ചൂടിൽ മാളം വിട്ടിറങ്ങുന്ന ഇഴജന്തുക്കളും വഴിയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ടൗണിൽ മങ്കാട്- ശില്പാ റോഡിൽ മുഴുവൻ തെരുവ് വിളക്കുകളും കത്താതെ കിടക്കുകയാണ്.
എന്നാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് അതികൃതർക്ക് യാതൊരു താല്പര്യവും ഇല്ലത്രെ.കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇവ പ്രകാശിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല