ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സർക്കാർ തലത്തിൽ സ്വീകരിക്കുന്ന തയ്യാറെടുപ്പുകൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ആറ്റുകാൽ കാർത്തിക ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളും തിരുവനന്തപുരം നഗരസഭയും ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം, വഴിവിളക്കുകൾ, അടിയന്തരഘട്ടങ്ങളിലെ ചികിത്സ, ആംബുലൻസ്, ഭക്ഷ്യ സുരക്ഷ, കുടിവെള്ളം, വാഹനപാർക്കിംഗ്, ഇ-ടോയ്‌ലറ്റ് എന്നിവയെല്ലാം സജ്ജമായിരിക്കും. സുരക്ഷക്ക് വിപുലമായ പോലീസ് സംവിധാനമുണ്ടാകും. നിരീക്ഷണക്യാമറകൾ പ്രധാന ഭാഗങ്ങളിലെല്ലാം ഉണ്ടാകും. പൊങ്കാലക്കു ശേഷമുള്ള നഗരശുചീകരണത്തിന് നഗരസഭ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മേയർ കെ.ശ്രീകുമാർ പറഞ്ഞു. ഇതിന് 1,500 താൽക്കാലിക ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. നഗരസഭയുടെ വാഹനങ്ങൾക്കു പുറമേ കരാടിസ്ഥാനത്തിൽ ആവശ്യമായ വാഹനങ്ങൾ ഏർപ്പാടാക്കും. ഗ്രീൻപ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കണം. പൊങ്കാല ദിവസം ഡ്രൈഡേ ആയി ആചരിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. റെയിൽവേയും കെ.എസ്.ആർ.ടിസിയും സ്‌പെഷ്യൽ സർവീസുകൾ നടത്തും. ഡോ.ശശിതരൂർ എം.പി., വി.എസ്.ശിവകുമാർ എം.എൽ.എ., സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.