വർക്കല: വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു വരുന്ന പാപനാശത്ത് കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് ഗാർഡുകൾ ടൂറിസം വകുപ്പിന് കത്തു നൽകി. കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ അംഗബലം ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. പത്ത് വർഷം മുമ്പ് 12 ലൈഫ്ഗാർഡുകളും ഒരു സൂപ്പർവൈസറും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പകുതിപേർ മാത്രമാണ് ഡ്യൂട്ടി നോക്കുന്നത്. ഇതിൽ ചിലർ അവധിയെടുത്താൽ വീണ്ടും എണ്ണം കുറയും. ഏണിക്കൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ തിരക്ക് ഏറുന്നതിനാൽ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. ഇടവ, വെറ്റക്കട, കാപ്പിൽ എന്നിവിടങ്ങളിൽ ലൈഫ്ഗാർഡുകളില്ല. ഇടവ കാപ്പിൽ പൊഴിമുഖത്ത് അടുത്തകാലത്ത് വിദ്യാർത്ഥികൾ ഉൾപെടെ നിരവധിപേർ മുങ്ങിമരിച്ചതിനെ തുടർന്ന് ലൈഫ്ഗാർഡുകളെ താത്കാലികമായി നിയമിച്ചെങ്കിലും പിന്നീട് ഇവരെ മാറ്റിയിരുന്നു. കൂടുതൽ ലൈഫ്ഗാർഡുകളെ ആവശ്യപ്പെട്ട് നൽകിയ കത്തിന് ടൂറിസം വകുപ്പ് ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.