കല്ലമ്പലം: കല്ലമ്പലം ജംഗ്ഷന് സമീപം സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് 62കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രികൻ നിസാര പരിക്കേറ്റതെയുള്ളു എന്നാണ് വിവരം. പറകുന്ന് എസ്.എൻ മന്ദിരത്തിൽ ശശാങ്ക(62)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വർക്കല ഭാഗത്ത് നിന്നും കല്ലമ്പലത്തേക്ക് വന്ന ശ്രീ അയ്യപ്പൻ ബസ്സും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ബസ് അമിത വേഗതയിൽ ചീറിപ്പാഞ്ഞു വരുന്ന സമയം സ്കൂട്ടർ യാത്രികൻ അശ്രദ്ധമായി വലതു ഭാഗത്തേക്ക് വാഹനവും കൊണ്ട് ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ബസ്സിന്റെ മുൻവശത്ത് ഇടിച്ച സ്കൂട്ടർ നിലത്ത് വീഴുകയും ചെയ്തു. എന്നാൽ ബസിനടിയിൽ പെടാതെ ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആളുകൾ ഓടിക്കൂടി പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോയി. ഗുരുതര പരിക്കില്ലെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.