ലൈഫ് പേരു മാറ്റിയെത്തിയ ‘പ്രധാനമന്ത്രി ആവാസ് യോജന ‘യാണെന്ന് ഒ.രാജഗോപാൽ എം.എൽ.എ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ലൈഫ് മിഷൻ പദ്ധതിയെന്നു പറഞ്ഞു രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. കേന്ദ്ര പദ്ധതിയാണെന്നുള്ള വസ്തുത സംസ്ഥാന സർക്കാർ മനഃപൂർവ്വം മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി ലൈഫ് പദ്ധതിയാക്കിയതിലും പദ്ധതിയിൽ ഉൾപ്പെട്ട ഒരാൾക്ക് പോലും വീട് നൽകാത്തതിലും പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കോൺഗ്രസ്സ് കൗൺസിലർമാർ പിൻതാങ്ങൽ പ്രതിപക്ഷമായി മാറി. കോർപ്പറേഷനിലെ പദ്ധതികളൊന്നും അർഹതപ്പെട്ടവരിലെത്തുന്നില്ല. സർക്കാരും നഗരസഭയും തിരിമറി നടത്തുകയാണെന്നും രാജഗോപാൽ പറഞ്ഞു. ബിജെപി കൗൺസിൽ പാർട്ടി ലീഡർ എം.ആർ ഗോപൻ, കൗൺസിലമാരായ ബീന.ആർ.സി, അനിൽ, ബിജെപി നേതാക്കളായ സി.ശിവൻകുട്ടി, ജെ.ആർ പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.