ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് വ്യക്തമാക്കി നദീന്‍ ഡോറിസ് തന്നെയാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. പത്രക്കുറിപ്പിലായിരുന്നു പ്രതികരണം,.
മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മന്ത്രിക്ക് വൈറസ് ബാധ പിടിപെട്ട സാഹചര്യം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ബ്രിട്ടണില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. ഈ നിയമം സംബന്ധിച്ച് രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, കോവിഡ് ബാധിച്ചുളള മരണം ആഗോളതലത്തില്‍ നാലായിരം കവിഞ്ഞു. ഇറാനില്‍ മാത്രം ഇന്നലെ 54 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 291 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ അഞ്ചുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ മുപ്പതായി. മംഗോളിയയിലും പാനമയിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് െചയ്തു. കാനഡയിലും കോവിഡ് മരണം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതിനിടെ കോവിഡ് 19 പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രണ്ടുമാസത്തിനിടെ ഇന്നലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 17 പേരാണ് ഇന്നലെ മരിച്ചത്. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വുഹാന്‍ നഗരം സന്ദര്‍ശിച്ചു. രോഗ ബാധയ്ക്ക് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് വുഹാന്‍ സന്ദര്‍ശിക്കുന്നത്