മദ്യം ലഭിക്കാത്തതിന്റെ നിരാശയിൽ മദ്ധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. എറണാകുളം പള്ളിക്കര പെരിങ്ങാല ചായിക്കാര മുരളിയാണ് (45) ആത്മഹത്യ ചെയ്തത്. ഇയാളുടെ മദ്യപാനവും അക്രമവും സഹിക്കാനാകാതെ വന്നതിനെത്തുടർന്ന് ഭാര്യയും മകനും വീട്ടിൽ നിന്ന് ഒരു വർഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം. കൂട്ടുകാരായ മൂവർ സംഘത്തോടൊപ്പം വീട്ടിലും മദ്യപാനം പതിവാക്കിയത് നാട്ടുകാർ പലവട്ടം ചോദ്യം ചെയ്തെങ്കിലും നിർത്തിയില്ല.
തെങ്ങുകയറ്റ തൊഴിലാളിയാണ്. ബെവ്കോ ഷോപ്പുകൾ അടച്ചതിനു തൊട്ടടുത്ത ദിവസം മുതൽ ഇയാൾ പണിക്ക് പോയിരുന്നില്ല. ഇന്നലെ രാവിലെ പെരിങ്ങാലയിൽ നിന്ന് നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറുകൾക്കു മുന്നിലും അവിടെ നിന്നും മൂന്ന് കിലോമീറ്റർ നടന്ന് പുത്തൻകുരിശ് ബെവ്കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചെത്തി അരിഷ്ടങ്ങൾ വിൽക്കുന്ന ആയുർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല. വൈകിട്ട് 5.30 ആയിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. അമ്പലമേട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: നിർമ്മല. മകൻ: അലോഷി