ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ രണ്ട് പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസ് എടുത്തു. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയ ശേഷം പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചതായാണ് വിവരം. ജില്ലയിൽ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഉന്നത പൊലീസ് മേധാവികളും പരിശോധനയുമായി രംഗത്തുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങാൻ അനുമതിയുണ്ട്. എന്നാൽ, കൂട്ടം കൂടിയാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
രാവിലത്തെ അപേക്ഷിച്ച് ഉച്ചയോടെ കൊച്ചി നഗരമടക്കം നിശ്ചലമായി. അത്യാവശ്യ സർവീസുകൾ മാത്രമാണ് നടക്കുന്നത്. അതേസമയം, കൊച്ചിയിൽ സൂപ്പർ മാർക്കറ്റുകളിൽ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഒരു സമയം പരമാവധി ഏഴുപേർക്ക് മാത്രമാണ് സൂപ്പർ മാർക്കറ്റുകളിൽ പ്രവേശിക്കാൻ കഴിയൂ. സൂപ്പർമാർക്കറ്റുകൾക്ക് മുൻപിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് എത്തി നടപടി കടുപ്പിച്ചത്.