കോവിഡ് -19 നെ നേരിടാൻ സർവ്വ സന്നാഹങ്ങളുമൊരുക്കി തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി . ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ കൊവിഡ് -19 കേസ് റിപ്പോർട്ട് ചെയ്യുന്നതിനും മുൻപുതന്നെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാം സംവിധാനങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയിരുന്നു. ആശുപത്രിയിലെ പേ വാർഡുകളെ പ്രത്യേക ഐസൊലേഷൻ വാർഡുകളാക്കി സജ്ജീകരിക്കുകയും
ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്കൽ സ്റ്റാഫ്, പിജി മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ശുചീകരണ തൊഴിലാളികൾക്ക് വരെ പ്രത്യേക പരിശീലവും നൽകി. പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുമെൻസ് (പി. പി. ഇ ) ഉപയോഗിക്കുന്നത് മുതൽ കൈകഴുകുന്നതിനുള്ള പരിശീലനം വരെ ഇതിൽ ഉൾപ്പെട്ടിരുന്നു.
മെഡിക്കൽ കോളജിലെ പ്രിവൻഷൻ ഓഫ് എപ്പിഡമിക്ക് ഡിസീസ് സെലാണ് ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനങ്ങൾ ഏകോപ്പിച്ചത്. രോഗികളുമായി ഏതെങ്കിലും രീതിയിൽ ഇടപഴകേണ്ടി വരുന്ന ആശുപത്രി ജീവനക്കാർക്കായി പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുമെൻസ് നൽകി.
ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ചത് മുതൽ 31ലധികം ഐസോലെഷൻ വാർഡുകളാണ് ആശുപത്രിയിൽ സജ്ജീകരിച്ചത്. മികച്ച ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് കോവിഡ് -19 രോഗികളുടെ ചികിത്സ കൈകാര്യം ചെയ്യുന്നത്. 2 ഐസിയു, വെന്റിലേറ്റർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്
കൂടുതൽ രോഗികൾ എത്തുകയാണെങ്കിൽ അവയെ നേരിടാൻ കൂടുതൽ ഐസോലേഷൻ വാർഡുകളും സജ്ജികരിച്ചിട്ടുണ്ട്.
ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രോഗികളുടെ
പരിശോധനയ്ക്ക് ആവശ്യമായ ഇ.സീ. ജി മെഷീൻ, ഡയാലിസിസ് മെഷീൻ, എക്സ്-റേ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഓരോതവണ ഉപയോഗത്തിനു ശേഷവും പൂർണ്ണമായും അണു വിമുക്തമാക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ട്.
ചികിത്സയോടൊപ്പം മാനസികാരോഗ്യത്തിനായി പ്രത്യേക ശ്രദ്ധയും ഇവിടെ നൽകിവരുന്നു. ഇതിനായി സന്നദ്ധസംഘടനകളുടെ സഹായത്തോടെ പുസ്തക
ങ്ങളടക്കമുള്ളവ വാർഡുകളിൽ എത്തിച്ചു നൽകുന്നു.
ഐസോലേഷനിൽ കഴിയുന്നവർക്കായി പോഷകസമൃദ്ധമായ പ്രത്യേക ഭക്ഷണമാണ് ആശുപത്രി കാന്റീൻനിൽ നിന്ന് നൽകുന്നത്. ആംബുലൻസുകൾ അണുവിമുക്തമാക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ടീം തന്നെ ഇവിടെ പ്രവർത്തിച്ചു വരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് -19 ടെസ്റ്റിങ് ലബോറട്ടറി നിലവിൽ വന്നതിനുശേഷം 488 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ പോസിറ്റീവായ കേസുകൾ മാത്രമാണ് തുടർ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുന്നത്.
ഒ. പി ക്ക് ശേഷം ഹാൻഡ്റൈൽ അടക്കം ജനങ്ങൾ കൂടുതൽ സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ദിവസേന ആശുപത്രിയിൽ നടന്നുവരുന്നു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ കോളജിലെ 12 ഇടങ്ങളിൽ പ്രത്യേക വാഷിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ ഒ. പി സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ 9 മുതൽ 12 വരെ മാത്രമാണ് ഒ. പി. പ്രവർത്തിക്കുക