തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്. തുടർന്ന് ജാമ്യം ലഭിച്ചാൽ ഉടൻ ആറ്റിങ്ങലിലേക്ക് തന്നെ മടങ്ങും എന്നും വിവരമുണ്ട്.
ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
വിമാനത്തവളത്തില്‍ എത്തുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എല്ലാം മറികടന്നാണ് രജിത് കുമാര്‍ ഫാന്‍സിന്റെ കോപ്രായങ്ങള്‍ വിമാനത്താവളത്തില്‍ നടന്നത്.
സംഭവത്തില്‍ 13 പേരെ നേരെ അറസ്റ്റ് ചെയ്യ്തിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.