ആറ്റിങ്ങൽ : കൊറോണ വ്യാപനത്തെത്തുടർന്ന് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1560 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 1480 ആയിരുന്നു.ആറ്റിങ്ങൽ നഗരസഭാ പരിധിയിലും എണ്ണം വർദ്ധിച്ചിട്ടുണ്ട്. 222 പേരാണ് ഇപ്പോൾ ഇവിടെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇത് ഏഴായിരുന്നു.അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസേന നിരവധിപേർ ആറ്റിങ്ങൽ നഗരസഭാ പരിധിയിലെത്തുന്നത് ആരോഗ്യ പ്രവർത്തകരെ കുഴയ്ക്കുന്നുണ്ട്. നിരീക്ഷണ കാലാവധിക്കിടയിൽ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, നഗര അതിർത്തിയിലെ അതിഥി തൊഴിലാളികളുടെ താവളങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തി.പലയിടങ്ങളിലായി ഒന്നിച്ചു താമസിക്കുന്ന 190 പേരെയാണ് പരിശോധിച്ചത്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ നഗരസഭ ഏർപ്പെടുത്തുകയും ചെയ്തു