ലോട്ടറിയുടെ നറുക്കെടുപ്പിലൂടെ താൻ കോടീശ്വരനായി മാറിയിരിക്കുന്നു എന്ന് അവന് മനസിലായിക്കാണില്ല, കാരണം ദൈവം അനുഗ്രഹിച്ച ഭാഗ്യശാലിക്ക് പ്രായം കേവലം പതിനൊന്ന് മാസം മാത്രമാണ്. മാതാപിതാക്കൾ അവരുടെ ഭാഗ്യം പരീക്ഷിക്കുവാൻ കുഞ്ഞിന്റെ പേര് നൽകിയത് ഒരു പക്ഷേ ദൈവനിശ്ചയമായിരിക്കും. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇതിനുമുൻപും മലയാളികൾ അർഹരായിട്ടുണ്ടെങ്കിലും ഒരു കുഞ്ഞിന് ഇത്ര വലിയ ഭാഗ്യം കടാക്ഷിക്കുന്നത് ആദ്യ സംഭവമാണ്.
അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ റമീസ് റഹ്മാനാണ് മകൻ സലാഹിന്റെ പേരിൽ ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷമായി ഇത്തരത്തിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് മകന്റെ പേരിൽ റമീസിനെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. ഒരു മില്യൺ ഡോളറാണ് സമ്മാന തുകയായി ഈ കുടുംബത്തിന് ലഭിക്കുന്നത്. ആറു വർഷമായി പ്രവാസ ജീവിതം ആരംഭിച്ച റമീസ് മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുവാനൊരുങ്ങവെയാണ് ഭാഗ്യം കടാക്ഷിച്ചത്. മകന് ശോഭനമായ ഒരു ഭാവി ലഭിക്കണം, അവന്റെ ജീവിതം മികച്ച രീതിയിൽ തന്നെ ആരംഭിക്കുകയാണ്. ദൈവത്തിനോട് നന്ദി ഇങ്ങനെയാണ് ഭാഗ്യം തേടിയെത്തിയതിനെ കുറിച്ച് റമീസിന്റെ പ്രതികരണം