പത്താം ക്ലാസ് വിദ്യർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് രോഗം ബാധിച്ചത്. പത്ത് എഫ് ഡിവിഷനിലാണ് പഠിക്കുന്നതെങ്കിലും, കുട്ടി പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിൽ നിന്നാണ്. വിദ്യാർത്ഥിയോട് അടുത്തിടപഴകിയ സഹപാഠികളോട് നിരീക്ഷണത്തിൽ കഴിയണമെന്ന് അരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയുടെ പിതാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 34 പേരും കാസർകോട്ടുകാരാണ്. ഇതോടെ ജില്ലയിൽ കൂടുതൽ ക്രമീകരണങ്ങൾ വരുത്താൻ അധികൃതർ തീരുമാനിച്ചു. തൊട്ടടുത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിനെ കൊറോണ ആശുപത്രിയാക്കി മാറ്റി. 200 കിടക്കകളും 40 ഐ.സി.യു കിടക്കകളും 15 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. കാസർകോട് മെഡിക്കൽ കോളേജിനെയും ഇത്തരത്തിൽ മാറ്റുകയാണ്. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊറോണയുടെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി. വിപുലമായ ടെസ്റ്റിംഗ് സംവിധാനം ഇവിടെയുണ്ട്. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടൻ ഇത് ആരംഭിക്കും