കണ്ണ് ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ സൗദി സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. സൗദി സ്വദേശിയായ അൽഷിഹാബ് അബ്ദുൾ മൊഹ്സിൻ അലിയാണ് (75) മരിച്ചത്. ഇന്നലെ രാത്രി 9.25ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാരീരിക അവശതകളെ തുടർന്ന് പ്രവേശിപ്പിച്ച അബ്ദുൾ മൊഹ്സിൻ അലിയുടെ ആരോഗ്യ നില രാത്രി പെട്ടെന്ന് വഷളാകുകയും പുലർച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
നേത്ര സംബന്ധമായ ചികിത്സയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ ഉള്ളൂർ സ്വദേശിക്കൊപ്പം തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഫെബ്രുവരി 22 മുതൽ ചികിത്സയിലായിരുന്നു.. കൊറോണ വ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇവർ കേരളത്തിലെത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പും പൊലീസും മെഡിക്കൽ കോളേജിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.