ഇന്ത്യൻ സേനയുടെ ഹ്രസ്വദൂര മിസൈൽ പ്രഹര ശേഷി വർദ്ധിപ്പിക്കാൻ പ്രണാശ് എന്ന് പേരിട്ട പുതിയ ബാലിസ്റ്റിക് മിസൈൽ ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്നു. പുതിയ മിസൈലിന്റെ പ്രഹര പരിധി 200 കിലോമീറ്ററാണ്. ഡി.ആർ.ഡി.ഒ തന്നെ വികസിപ്പിച്ച പ്രഹാർ മിസൈലിന്റെ പിൻഗാമിയാണ് പ്രണാശ്. 150 കിലോമീറ്ററാണ് പ്രഹാറിന്റെ പ്രഹര പരിധി. ഇതിനെക്കാൾ റേഞ്ച് കൂടിയ മിസൈൽ വേണമെന്ന സേനയുടെ ആവശ്യം പരിഗണിച്ചാണ് പ്രണാശ് നിർമ്മിക്കുന്നത്. പ്രണാശ് എന്നാൽ എല്ലാം നശിപ്പിക്കുന്നത് എന്നാണ് അർത്ഥം. മിസൈലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2021ൽ മിസൈലിന്റെ പരീക്ഷണങ്ങൾ ആരംഭിക്കും.
ഖര ഇന്ധനം
ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരുഘട്ടം മാത്രമുള്ള എൻജിനായിരിക്കും മിസൈലിനുള്ളത്. പ്രണാശിന് ആണവായുധ ശേഷി ഉണ്ടാവില്ല. ആണവായുധ ശേഷിയും ഉള്ള പൃഥ്വി ഹ്രസ്വദൂര മിസൈൽ ആണെങ്കിലും ദ്രവ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് ഇന്ധനം നിറയ്‌ക്കാൻ ബുദ്ധിമുട്ടാണ്. ആ പോരായ്‌മ പരിഹരിക്കാനാണ് വളരെ പെട്ടെന്ന് ഉപയോഗിക്കാനാവുന്ന ഖര ഇന്ധന മിസൈൽ നിർമ്മിക്കുന്നത്.
വിൽക്കാനും പദ്ധതി
പ്രണാശ് മിസൈൽ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാം. റേഞ്ച് 300 കിലോമീറ്ററിൽ കുറവായതിനാൽ മിസൈൽ വിൽപ്പന നിയന്ത്രിക്കുന്ന മിസൈൽ ടെക്‌നോളജി കൺട്രോൾ കരാർ ഇതിന് ബാധകമാവില്ല. സമാനമായ പ്രഹരപരിധിയുള്ള ലോകത്തെ മറ്റ് മിസൈലുകളെക്കാൾ വിലകുറഞ്ഞതും കാര്യക്ഷമവുമാണ് പ്രണാശ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 35,000 കോടിയുടെ ആയുധ കയറ്റുമതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ആയുധ വിൽപ്പനയിൽ ലോകത്തെ അഞ്ച് മുൻനിര രാജ്യങ്ങളുടെ ലിസ്റ്റിൽ എത്തുകയാണ് ലക്ഷ്യം