ടോക്കിയോ: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്ത് യാത്രക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന നാലായിരത്തോളം പേർ നിരീക്ഷണത്തിലാണ്. കപ്പൽ യൊക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ജീവനക്കാരെയും സഞ്ചാരികളെയും പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല.
കഴിഞ്ഞമാസം ഇതേ കപ്പലിൽ യാത്ര ചെയ്തയാൾക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെയിൽ ഇയാളിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടന്ന പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
യാത്രക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ 273 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. പരിശോധന ഫലത്തിൽ 10 പേർക്ക് പോസിറ്റീവായി. കപ്പലിലുള്ള 3700 സഞ്ചാരികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു