തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20ആയി.

0
324

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20ആയി. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അവിനാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മരിച്ച പത്തൊമ്പത് പേരും മലയാളികളാണെന്ന് പാലക്കാട് എസ്പി ശിവവിക്രം പറഞ്ഞു.പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ തൃശൂര്‍ സ്വദേശികളായ വിനോദ് (45), ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ (25), നിബിന്‍ ബേബി, റഹീം എന്നിവരെയും പാലക്കാട് സ്വദേശി സോന സണ്ണിയെയും തിരിച്ചറിഞ്ഞു. ബസിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം എറണാകുളത്ത് ഇറങ്ങേണ്ടവരായി 25 പേരും പാലക്കാട് നാല്, തൃശൂര്‍ 19 പേരുമാണ് ബസില്‍ ഉണ്ടായിരുന്നത്. രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടര്‍നടപടികള്‍ക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍മാരും സംഭവസ്ഥലത്തെത്തി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും സംഭവസ്ഥലത്തേക്ക് പോകും.