തിരുവനന്തപുരം ജില്ലയില്‍ മാലിന്യം നിറഞ്ഞു ഒഴുക്ക് നിലച്ചു നശീകരണത്തിന്റെ വക്കിലായ കിള്ളിയാര്‍ ശുദ്ധമായൊഴുകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ‘കിള്ളിയാറൊരുമ’ എന്ന പേരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചാണ് അന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഇന്നലെ തുടക്കമായി. ‘നാളത്തേക്ക് ഇന്നിന്റെ കടമ’ എന്ന മുദ്രാവാക്യത്തില്‍ നെടുമങ്ങാട് കിള്ളിയാര്‍ മിഷന്‍ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ 25000 ത്തോളം പേരാണ് പങ്കാളികളാവുന്നത്. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതല്‍ വഴയില പാലം വരെയുള്ള 22 കിലോ മീറ്ററിലാണ് രണ്ടാംഘട്ട ശുചീകരണം നടക്കുന്നത്. ഒപ്പം 31 കൈവഴിയും ശുചീകരിക്കും. നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന കിള്ളിയാറിന്റെ 13.5 കിലോമീറ്റര്‍ പ്രദേശത്ത് നിലവില്‍ മെഷീന്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. അടുത്ത ഘട്ടത്തില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള തീരസംരക്ഷണം, തീരവികസനം എന്നിവയിലൂന്നിയ പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.ജലദൌര്‍ലഭ്യവും കുടിവെള്ള ക്ഷാമവും ഉഷ്ണമേഖലകളില്‍ എന്ന പോലെ നമ്മുടെ തിരുവനന്തപുരം ജില്ലയെയും ബാധിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കും വരുംതലമുറയ്ക്കുമായി ജലസ്രോതസ്സുകളുടെ കരുതലും സംരക്ഷണവും അനിവാര്യമാണ്. ഹരിതകേരള മിഷന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘ജലശ്രീ’ പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ ജലസ്രോതസ്സുകളെയും കാര്‍ഷിക അഭിവൃത്തിയെയും വീണ്ടെടുത്ത് ഹരിതാഭമായ കേരളത്തെ സൃഷ്ടിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. .