നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാവരുതെന്ന് നിർഭയയുടെ അമ്മ ആശ ദേവി. ’ഏഴു വർഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും സർക്കാരുകൾക്കും നീതിപീഠത്തിനും നന്ദി. പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്’– കൊലയാളികളെ തൂക്കിലേറ്റിയ ശേഷം നിർഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികളെ പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടി. മാർച്ച് 20 ‘നിർഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്നും നിർഭയയുടെ മാതാപിതാക്കൾ പറഞ്ഞു.
വധശിക്ഷ നടപ്പാക്കിയ നേരത്ത് മകളുടെ ചിത്രം ചേർത്തു പിടിച്ചു. ഇന്ന് നീതിയുടെ ദിനമാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിംഗ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് പ്രതികരിച്ചു. നിർഭയ കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്.
മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ്(31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല.