അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം ഷീജ നിവാസിൽ വിനോദ് കുമാറിനെ (38 ) കാറിൽ വന്ന അക്രമി സംഘം ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കുകയും വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 7 . 30 നായിരുന്നു ആക്രമണം.മലപ്പുറം പൊന്നാനി താലൂക്ക് ഓഫീസിലെ യു.ഡി.ക്ലാർക്ക് ആയ വിനോദ് കുമാർ,കെ.എ.എസ്പരീക്ഷ എഴുതി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് വന്ന് കയറിയപ്പോഴായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി വന്ന അക്രമികളെ കണ്ട് സിറ്റൗട്ടിലേക്ക് കയറിയ വിനോദിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് ഇടതു കാലിലും തലയ്ക്കും മർദിച്ചു.
ഇത് കണ്ട്’അമ്മ നിലവിളിക്കുകയുണ്ടായി. അക്രമികൾ അവരെയും പിടിച്ച് തള്ളി.രണ്ട് കാറുകളിലായി വന്ന മൂന്നു പേരാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വലിച്ചിഴച്ച് മർദിച്ച വിനോദിന്, തലക്കും ഇടത് കാലിനും സാരമായ പരിക്കുണ്ട്. ഇടത് കാലിന്റെ എല്ലിന് പൊട്ടലുണ്ട്.സംഭവം നടന്ന് നാട്ടുകാർ ഓടി കൂടിയപ്പോൾ അക്രമികൾ കാറിൽ കയറി സ്ഥലം വിട്ടു. വിനോദ് കുമാറിനെ 108 ആംബുലൻസിൽ കൊണ്ട് പോയി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദ് കുമാറിന്റെ ഭാര്യയുടെ വസ്തുവിലെ വഴിതർക്കവുമായി ബന്ധപ്പെട്ട് ഭാര്യയുടെ കുടുംബാംഗങ്ങളുമായി കേസ് നടന്ന് വരികെയാണ് .ഇതാവാം ആക്രമണത്തിന് കാരണമെന്ന് വിനോദ് കുമാറിന്റെ ബന്ധുക്കൾ പറഞ്ഞു.