ആഷിക് അബു റിമാകല്ലിങ്ങൽ ഉൾപ്പെട്ട കരുണ സംഗീതനിശ വിവാദത്തിൽ സംഘാടകരെ പ്രതിക്കൂട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി റീജിണൽ സ്പോർട്സ് സെൻറർ അംഗം വി. ഗോപകുമാർ ഫേസ്ബുക് പോസ്റ്റ് ഇട്ടു.പരുപാടിയിൽ പതിനായിരത്തോളം ആൾകാർ പങ്കെടുത്തുവെന്നും 70 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടി എന്നുമാണ് ഗോപകുമാർ ആരോപിക്കുന്നത് .
സംഭവം വിവാദമായതോടെ ആഷിക് തുക തിരികെ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ ഹെബി ഈഡൻ അടക്കം ഉള്ളവർ ആഷികിനും റിമയ്ക്കും എതിരെ തിരിഞ്ഞിരുന്നു.ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഉൾക്കൊള്ളുന്നത് 9000 ത്തിനും 10000 ഇടയിൽ ആളുകൾ. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം എന്ന പേരിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയും, ഗായിക ഗായകരെയും എല്ലാം ഉൾപ്പെടുത്തി വേദി നിറഞ്ഞു കവിഞ്ഞ “കരുണ” മ്യൂസിക് ഷോയിൽ 10000ത്തോളം ആളുകൾ ഉണ്ടായിരുന്നു എന്ന് റീജിയണൽ സ്പോർട്സ് സെന്റർ അംഗം എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും. റീജിയണൽ സ്പോർട്സ് സെന്റർ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം.
ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5000വും. 5000ത്തിന്റെ 500 ടിക്കറ്റുകൾ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തിൽ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളിൽ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും. ഇനി ഒരു വാദത്തിനു ഇതിൽ പകുതിയും സൗജന്യമായി (ഇതുപോലെ ഉള്ള ധനശേഖരണ പരിപാടിയിൽ ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല) നൽകിയതാണ് എന്ന് കരുതിയാൽ തന്നെ അത് സ്പോൺസർഷിപ്പിന്റെ ഭാഗമായാണ് നൽകുക. ഈ പരിപാടിക്ക് നല്ല രീതിയിൽ സ്പോണ്സർഷിപ്പും, അതുപോലെ ഇവന്റ് പാർട്ണർമാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവർക്ക് ചിലവ് വന്നു എന്നും, പരിപാടി വൻ വിജയമായിരുന്നു എന്ന് ഇവർതന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ പോലെ ഉള്ള വേദിയിൽ നിറഞ്ഞ സദസ്സിൽ നടത്തിയ ഈ പരിപാടിയിൽ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് ഞാൻ പറയും.
വ്യക്തമായ, കുറ്റമറ്റ അന്വേഷണം അനിവാര്യമാണ്. പരിപാടിയിൽ സഹകരിച്ച എല്ലാവരും… വേദി സൗജന്യമായി നൽകിയ റീജിയണൽ സ്പോർട്സ് സെന്ററും, ടിക്കറ്റു വാങ്ങി പരിപാടിക്കെത്തിയ ജനങ്ങളും, സ്പോൺസർമാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു… സത്യം അറിഞ്ഞേ തീരൂ… സർക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടർ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാൻ സർക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്.. ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്പയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങൾ ഇനി മേലിൽ ഉണ്ടാവാതിരിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു