ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക് നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പൂന്താനം നമ്പൂതിരിയുടെ സ്മരണയ്ക്കായി എല്ലാവർഷവും ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം.ജ്ഞാനപ്പാന പുരസ്കാരം പ്രഭാവര്‍മ്മയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു. കൃഷ്ണ ബിംബങ്ങളെ അഹേളിക്കുന്നതാണ് കൃതിയെന്നാണ് ആരോപണം. ഭഗവത്ഗീത ഉപദേശിച്ചതിൽ ശ്രീകൃഷ്ണൻ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയമുണ്ടായതായും കൃതിയിൽ പ്രതിപാദിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. പ്രഭാവര്‍മ്മയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ദേവസ്വം ചെയര്‍മാൻ്റെ വീട്ടിലേക്ക് പ്രകടനം നടത്തിയിരുന്നു.
അതേസമയം പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കൃതിയാണ് ഗുരുവായൂര്‍ ദേവസ്വത്തിൻ്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരത്തിന് അര്‍ഹമായത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താനം ദിനമായ നാളെയാണ് പുരസ്കാരം സമ്മാനിക്കാൻ തീരുമാനിച്ചത്. നേരത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ശ്യാമമാധവത്തിന് ലഭിച്ചിരുന്നു.