കൊറോണ വൈറസ് അപകടകരമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമെന്ന ആശങ്ക ശക്തമാകവേ, മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത് 130 കോടി ജനങ്ങൾ ഇന്ന് വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ആചരിക്കുന്ന ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാകും.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.
കടകൾ, മാളുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മദ്യശാലകൾ, ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോൾ പമ്പുകൾ തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല.
മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് നന്ദിപറയാനായി വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റ് നീക്കിവെക്കാം. ആരോഗ്യപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നിസ്സ്വാർഥ സേവനങ്ങൾക്ക് ആദരംനൽകാൻ വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങൾകൊട്ടിയോ ആണ് നന്ദി പറയേണ്ടത്.