തിരുവനന്തപുരം: രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് കണ്ടകശനി. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാന്‍ കാട്ടാക്കട സിഐ ഡി.ബിജുകുമാര്‍ ജംക്ഷനിലെത്തിയപ്പോഴാണ് ഹെല്‍മറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്.ജനങ്ങളോട് വീട്ടിലിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുമ്ബോള്‍ അതൊന്നും വകവയ്ക്കാതെ എങ്ങോട്ടാണു യാത്രയെന്നായി സിഐ.
ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാല്‍ കാണാമെന്നും സിഐ പറഞ്ഞപ്പോള്‍ യുവാവ് പുറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീറ്റര്‍ അകലെയുള്ള പൊലീസ് സ്‌റ്റേഷനില്‍.
പൊലീസ് കസ്റ്റഡിയിലാണെന്ന് അപ്പോഴും യുവാവിനു മനസിലായില്ല. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ കാട്ടാക്കടയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. റൂറല്‍ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.