എം.സി. വി.എസ്.ഒ.പി ബ്രാൻഡി 60 മില്ലി കപ്പലണ്ടി വറുത്തതും ചേർത്ത് മൂന്നു നേരം കഴിക്കാനുള്ള ആയുർവേദ ഡോക്ടറുടെ കുറിപ്പടി ഇന്നലെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഡോക്ടറെ തേടി എക്സൈസും എത്തി.പറവൂർ അഞ്ജലി ആയുർവേദിക്ക്സിലെ ഡോ. എം.ഡി രഞ്ജിത്താണ് 48 വയസുള്ള പുരുഷോത്തമന് ലെറ്റർ പാഡിൽ ഇംഗ്ലീഷിൽ കുറിപ്പടി എഴുതിയത്. ചീട്ടിലെ തീയതി മാർച്ച് 28. ഒപ്പും ഉണ്ട്. പറവൂരിലെ തിരക്കേറിയ ആയുർവേദ ഡോക്ടറാണ് ഇദ്ദേഹം.ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതേയിരിക്കവേ തമാശയ്ക്ക് എഴുതി അടുത്ത സുഹൃത്തിന് അയച്ചുകൊടുത്തതാണ് കുറിപ്പടിയെന്ന് ഡോക്ടർ പിന്നെ ഫേസ് ബുക്കിൽ വിശദീകരിച്ചു. സംഭവിച്ച തെറ്റിന് മാപ്പും പറഞ്ഞു. സുഹൃത്ത് ഫോർവേഡ് ചെയ്ത കുറിപ്പടി മണിക്കൂറുകൾക്കുള്ളിൽ ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും പറന്നു.
പറവൂർ എക്സൈസിന് നൽകിയ മൊഴിയിൽ ഡോക്ടർ പറഞ്ഞതിങ്ങിനെ:മദ്യാസക്തർക്ക് ഡോക്ടർ നിർദേശിച്ചാൽ മദ്യം നൽകുമെന്ന സർക്കാർ നിലപാടിനെ തുടർന്ന് തമാശയ്ക്ക് ചെയ്തതാണ്. ഇങ്ങിനെ ഒരു രോഗിയില്ല. അബദ്ധം പറ്റിയതാണ്. സുഹൃത്ത് ചതിക്കുമെന്ന് കരുതിയില്ല. മാപ്പ് ‘.