കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളുമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ കുടുംബശ്രീ യൂണിറ്റുകൾ. വാർഡിൽ 22 കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വാർഡിലെ വീടുകൾ സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തി ശുചിത്വം പാലിക്കേണ്ടത് എങ്ങനെ എന്നതിനെ സംബന്ധിച്ചും, കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.60വയസിനു മുകളിൽ ഉള്ളവർ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി, അവരിൽ ഏതെങ്കിലും കടുത്ത രോഗങ്ങൾ ഉള്ളവരുടെ പേര് വിവരങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുന്നു.
കൂടാതെ പരിസരശുചിത്വം ഓർമ്മപ്പെടുത്തിക്കൊണ്ട് മാലിന്യങ്ങൾ അടിഞ്ഞു കൂടി കിടക്കുന്ന പ്രദേശങ്ങൾ ശുദ്ധീകരിക്കുകയും അവിടെ ക്ലോറിൻ, ലോഷൻ തുടങ്ങിയ തളിക്കുകയും ചെയ്യുന്നു.ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനിൽ അടിഞ്ഞു കൂടി കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ഡി വൈ എഫ് ഐ പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, എഡിഎസ് ചെയർപേഴ്സൺ നിത്യാ ബിനു എന്നിവർ നേതൃത്വം നൽകി.