അബ്ഹ:സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇതേ ആശുപത്രിയിലെ മുപ്പത് മലയാളി നഴ്‌സുമാരെ രോഗബാധ സംശയിച്ച് പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.ഖമീസ് മുഷയിത്ത് അൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഏറ്റുമാനൂർ സ്വദേശി. ഇവരെ വിദഗ്ദ്ധ ചികിത്സക്കായി അസീർ സെൻട്രൽ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
അൽ ഹയാത്ത് ആശുപത്രിയിലെ ഫിലിപ്പൈൻസ് സ്വദേശിയായ നഴ്സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പൈൻസ് സ്വദേശിയിയായ ഒരു രോഗിയിൽ നിന്നാണ് നഴ്‌സിന് വൈറസ് ബാധിച്ചത്. പനിയും ദേഹാസ്വാസ്ഥ്യവും മൂലം ചികിത്സ തേടിയ ഇവർക്ക് നാല് ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുമ്പോഴാണ് മലയാളി നഴ്സുമാരിലേക്ക് രോഗം പടർന്നത്.
അതേസമയം സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയിൽ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കൽ പരിശോധനാഫലം പുറത്തുവന്നു. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സയന്റിഫിക് റീജണൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു.