കുറവിലങ്ങാടിനു സമീപം എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകൻ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. അമ്പാടിയാണ് കാർ ഓടിച്ചിരുന്നത്.
ബിനോയിക്ക് കുവൈത്തിലാണ് ജോലി.കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ അഞ്ച് പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.