ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാലുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു . ഇന്നലെ രാവിലെ എട്ടു മണിയോടെ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തിയോടു ചേർന്ന ഗ്രാമത്തിലാണ് സംഭവം.പെൺകുട്ടിയും മറ്റൊരു കുട്ടിയും വീടിന് സമീപത്തെ കാട്ടിൽ മൂത്രമൊഴിക്കാൻ കയറിയപ്പോൾ ഇവരുടെ അയൽവാസിയായ യുവാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി വായ മൂടിക്കെട്ടിയ ശേഷം വനത്തിലേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ബത്തേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ പന്ത്രണ്ട് മണിയോടെയാണ് വനത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ 35-കാരനെ പിടികൂടാനായിട്ടില്ല. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പറയുന്നു. ബത്തേരി പൊലീസ് കേസെടുത്ത് ഊർജിതാന്വേഷണം തുടങ്ങി.