തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയ്യാറാക്കിയ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ്, സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്നും ലഭിച്ച 20 ചര്‍ക്കകള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ നിര്‍വഹിച്ചു. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സ്‌നേഹസദ്യയും ഇതോടൊപ്പം സംഘടിപ്പിച്ചു.
ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യത്തിനും സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. മാനസിക രോഗങ്ങളോടും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുമുള്ള അവഗണന അവസാനിപ്പിക്കേണ്ടതാണ്. മാനസിക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനാണ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡിപ്രഷന്‍ ക്ലിനിക് തുടങ്ങിയത്. മറ്റുള്ള ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി വരുന്നു. കേരളത്തിലെ മൂന്ന് പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌നേഹക്കൂട് എന്ന പേരില്‍ ഒരു പുന:രധിവാസ പദ്ധതി നടപ്പിലാക്കി. മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇതുവരെ 211 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികള്‍. ഓരോ അന്തേവാസിയുടെയും മാനസിക-ശാരീരിക ഉല്ലാസത്തിനും തൊഴില്‍ പരിശീലനത്തിനും പുറമേ പ്രതിദിനം വരുമാനം സമ്പാദിക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ് ജഡ്ജ് എ. ജൂബിയ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, കൗണ്‍സിലര്‍ പി.എസ്. അനില്‍ കുമാര്‍, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എല്‍. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു