സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബഡ്ജറ്റില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 1500 കോടി രൂപയുടെ അധിക ചിലവ് ഒഴിവാക്കുമെന്നും അത്യാവശ്യ വിദേശയാത്രകള്‍ തുടരുമെന്നും അത് ധൂര്‍ത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികപ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞവര്‍ഷം അനുവദിച്ചതില്‍ കൂടുതല്‍ തുക ക്ഷേമപദ്ധതികള്‍ക്ക് അനുവദിക്കും. ലൈഫ് മിഷന്റെ തുക വര്‍ദ്ധിപ്പിച്ചു. പണം കണ്ടെത്താന്‍ വായ്പയെടുക്കുന്നതിന് തടസമില്ല. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്‍കല്‍ ബഡ്ജറ്റിലുണ്ടാവില്ല. പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പാക്കും. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റ് ഇന്ന് രാവിലെ 9 മണിക്കാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായെന്ന് ഇന്നലെ സഭയിൽ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക്. ഇത് ബഡ്ജറ്റിന് ദിശാബോധം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.