അടുത്ത ശബരിമല തീര്‍ത്ഥാടനകാലത്ത് പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്തെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തവണ മുതല്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി വിര്‍ച്വല്‍ ക്യു ബുക്കിംഗ് സമ്പ്രദായം പൂർണതോതിൽ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഈ സംവിധാനം മാര്‍ച്ച് 15 ഓടെ നിലവില്‍ വരുത്താന്‍ സാധിക്കും. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇക്കാര്യം സംബന്ധിച്ച് പരമാവധി പ്രചാരണം നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ശുപാര്‍ശ അംഗീകരിക്കുന്നപക്ഷം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുളള അഞ്ചംഗ ഉന്നതതല സംഘം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ അവിടത്തെ അധികൃതരുടെ സഹായം തേടും. ആവശ്യമുളളപക്ഷം സംസ്ഥാന പോലീസ് മേധാവിയും മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും.
പാര്‍ക്കിംഗ് സംവിധാനം, ഗതാഗത സംവിധാനം മെച്ചപ്പെടുത്തല്‍, ഭക്തരെ നിയന്ത്രിക്കല്‍, സുരക്ഷാസംവിധാനം ശക്തിപ്പെടുത്തല്‍ എന്നീ വിഷയങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പോലീസ് മേധാവി ചര്‍ച്ച ചെയ്തു. എ.ഡി ജി.പി മാരായ ടോമിന്‍.ജെ.തച്ചങ്കരി, ഡോ. ഷേക്ക് ദര്‍വേഷ് സാഹേബ്, മനോജ് എബ്രഹാം എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.