എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ആറ്റിങ്ങൽ ഗവ. കോളേജിൽ ഇന്ന് നടക്കും. കലാലയ കതിരോത്സവം എന്ന പേരിലാണ് കൊയ്‌ത്തുത്സവം സംഘടിപ്പിക്കുന്നത്. കോളേജ് വളപ്പിൽ വർഷങ്ങളായി തരിശുകിടന്ന പാടം ആറ്റിങ്ങൽ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൃഷിക്കനുയോജ്യമാക്കി മാറ്റുകയായിരുന്നു. കോളേജ് തലത്തിൽ കാർഷിക വിളവെടുപ്പ് കേരളത്തിൽ ആദ്യമാണെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. പാടത്ത് ജലം തളിച്ച് ഭൂമിയോട് അനുവാദം ചോദിച്ച് വിള കൊയ്യുന്ന പരമ്പരാഗത രീതിയിൽ കൊയ്‌ത്തുത്സവം നടത്താനാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ ഡോ.വി.മണികണ്‌ഠൻ നായർ പറഞ്ഞു. നെൽകൃഷിക്കു പുറമേ പച്ചക്കറികളും വാഴയും മരച്ചീനിയും നട്ടിട്ടുണ്ട്. ജലലഭ്യത ഉറപ്പാക്കാൻ കുളം നവീകരിച്ചു.കൊയ്‌ത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിൽ അഡ്വ. ബി.സത്യൻ എം.എൽ.എ,നഗരസഭാ ചെയർമാൻ എം.പ്രദീപ്,പ്രിൻസിപ്പൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ, പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.