കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ അപകടത്തിൽപെട്ടയാൾക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം.. നിർദേശം അവഗണിച്ച് പുറത്തിറങ്ങിയയാളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും കൊറോണവൈറസ് നിരീക്ഷണത്തിലാണ് ഇദ്ദേഹമെന്ന് ഡോക്ടർമാരെ അറിയിച്ചില്ല. പിന്നീട് ഈ വിവരമറിഞ്ഞപ്പോൾ ഡോക്ടർമാരും ജീവനക്കാരുമുൾപ്പടെ 50 പേരെ നിരീക്ഷണത്തിലാക്കേണ്ടി വന്നിരുന്നു.
ഇദ്ദേഹത്തെ അപകടത്തിൽപ്പെട്ടപ്പോൾ എടുത്ത് ആശുപത്രിയിലാക്കിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയ ജില്ലാ ഭരണകൂടം, കാഷ്വാലിറ്റിയിലേക്ക് എത്തിച്ച സെക്യൂരിറ്റി, പരിശോധിച്ച ഹൗസ് സർജൻമാർ, നഴ്‍സുമാർ, മെഡിക്കൽ സ്റ്റാഫ്, രണ്ട് മെഡിക്കൽ കോളേജുകളിലുമുള്ള ഡോക്ടർമാർ എന്നിവരോടാണ് അടിയന്തരമായി നിരീക്ഷണത്തിൽ പോകാനും ജോലിയിൽ നിന്ന് മാറിനിൽക്കാനും നിർദേശിച്ചത്. ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായെങ്കിൽ, ഇത്രയധികം പേരെ ജോലിയിൽ നിന്ന് മാറ്റി നിർത്തേണ്ടി വന്നേനെ.
പത്ത് ദിവസം മുമ്പ് സൗദിയിൽ നിന്നെത്തിയ ആളാണ് ഭാര്യക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ കൊല്ലം പള്ളിമുക്കിൽ വച്ച് വാഹനാപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആംബുലൻസിലാണ് ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവിടെ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയക്കുകയായിരുന്നു