ആറ്റിങ്ങല്‍: നഗരസഭാ ബജറ്റ് സമ്മേളനം ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. ആറ്റിങ്ങല്‍ നഗരസഭയുടെ ബജറ്റ് ചര്‍ച്ചയില്‍ റോഡ് വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൂവമ്പാറ മുതല്‍ മൂന്ന്മുക്ക് വരെയുള്ള ദേശീയപാത വികസനം അശാസ്ത്രീയമായും ആസൂത്രണമില്ലാതെയുമാണ് നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരോപിച്ചു. ഈ പദ്ധതിക്ക് തുക അനുവദിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. മുന്‍ എം.പി.മാര്ക്ക് വരെ ബജറ്റ് പ്രസംഗത്തില്‍ നന്ദി പറഞ്ഞപ്പോള്‍ ഫണ്ട് അനുവദിച്ച മുഖ്യമന്ത്രിയെ ഒഴിവാക്കിയത് മനപ്പൂര്‍വ്വവും രാഷ്ട്രീയ പ്രേരിതവുമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ ബജറ്റുകളില്‍ പറഞ്ഞ തണ്ണീര്‍ത്തട സംരക്ഷണ പദ്ധതി, മലിനജല സംസ്‌ക്കരണ പദ്ധതി, വൈദ്യുതി ലൈന്‍ ദീര്‍ഘിപ്പിക്കലും തെരുവ് വിളക്ക് വ്യാപനവും തുടങ്ങിയ പല പദ്ധതികളും അട്ടിമറിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.കെ.പ്രിന്‍സ് രാജ്, ആര്‍.എസ്.പ്രശാന്ത്, ഗീതാകുമാരി, ശോഭനകുമാരി എന്നിവരാണ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. ഇവര്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ്ണയും നടത്തി. നഗരസഭാ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വെറ്റില കച്ചവട നിരോധനത്തിനെതിരേ ബി.ജെ.പി. ശക്തമായ പ്രതിഷേധം കൗണ്‍സിലില്‍ നടത്തി. ഹിന്ദുമത ആചാരപ്രകാരമുള്ള വിവിധ ചടങ്ങുകള്‍ക്കും പൂജകള്‍ക്കും വെറ്റില ആവശ്യമാണന്നും ഇവയെ അട്ടിമറിക്കുവാനുള്ള ശ്രമമാണ് വെറ്റില കച്ചവട നിരോധനത്തിലൂടെ നടത്തുന്നതെന്നും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സന്തോഷ് ആരോപിച്ചു. ബജറ്റിന്മേല്‍ ഗൗരവതരമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ രാഷ്ട്രീയ പ്രേരിത ആരോപണങ്ങള്‍ ഉന്നയിച്ച് സമയം കളയുക മാത്രമാണ് ചെയ്തതെന്ന് ചെയര്‍മാന്‍ എം.പ്രദീപ് പറഞ്ഞു.